News

സഹോദരനുള്‍പ്പടെ മൂന്നു പേരെ തീവെച്ചു; യുവാവ് ആത്മഹത്യ ചെയ്തു

03 July 2023 , 9:40 AM

 

 

കണ്ണൂർ: പാട്യം പത്തായകുന്നില്‍ സഹോദരനുള്‍പ്പടെ മൂന്നു പേരെ തീവെച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. 

പത്തായക്കുന്നില്‍ രഞ്ജിത്ത് ആണ് മരിച്ചത്.

സഹോദരനെയും ഭാര്യയെയും കുട്ടിയെയും ആണ് രഞ്ജിത്ത് തീവെച്ചത്.

സഹോദരന്റെ ഭാര്യ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ഇന്നലെ രാത്രി ഏഴ് മണിയോടെ കുടുംബം അത്താഴം കഴിക്കുന്നതിനിടയില്‍ രഞ്ജിത്ത് തറയില്‍ മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉരച്ച് എറിയുകയായിരുന്നു. 

 

അനുജന്‍ രജീഷിന്റെ ഭാര്യ സുബിനയുടെ ദേഹത്ത് തീ ആളിപ്പടര്‍ന്നപ്പോള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രജീഷിനും തൊട്ടടുത്തു നിന്ന ആറ് വയസ്സുള്ള മകന്‍ ദക്ഷന്‍ തേജിനും പൊള്ളലേറ്റത്.

 

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പരിക്കേറ്റവരെ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

 

മൂത്ത മകന്‍ സൂര്യതേജ് സുബിനയുടെ വീട്ടിലായിരുന്നു.

രഞ്ജിത്തിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വെച്ച് മരിച്ചു.

കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.