Business

മൂന്ന് മാസം: കേരളത്തിന്റെ സ്വന്തം പേപ്പറിൽ പ്രിന്റ് ചെയ്തത് 12 ദിനപത്രങ്ങൾ

15 February 2023 , 12:46 PM

 

 

കോട്ടയം: കേരളത്തിലെ ദിനപ്പത്രങ്ങളടക്കം 12 പത്രങ്ങൾ ഇപ്പോൾ അച്ചടിക്കുന്നത് കേരളത്തിൻ്റെ സ്വന്തം പേപ്പറിൽ.കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനമാരംഭിക്കുന്നത് 2022 നവംബർ 1നാണ്.

 ഉൽപാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും 12 പത്രങ്ങൾ പ്രിൻ്റ് ചെയ്യാനുള്ള പേപ്പർ വിതരണം ചെയ്യാൻ കമ്പനിക്ക് സാധിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ദി ഹിന്ദുവിനും മംഗളം, ദേശാഭിമാനി, ചന്ദ്രിക, സിറാജ്, സുപ്രഭാതം, രാഷ്ട്രദീപിക, കേരളകൗമുദി, ജന്മഭൂമി എന്നീ മലയാളം പത്രങ്ങൾക്കും കന്നഡ പത്രമായ ജയകിരണ, തെലുഗു പത്രങ്ങളായ നവതെലങ്കാന, പ്രജാശക്തി എന്നീ പത്രങ്ങളാണ് കെപിപിഎലിൽ ഉൽപാദിപ്പിച്ച പേപ്പറിൽ അച്ചടിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2022 ജനുവരി 1ന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും 2022 മെയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ആരംഭിക്കാനും നമുക്ക് സാധിച്ചു. കേന്ദ്രസർക്കാരിന് കീഴിൽ മൂന്ന് വർഷത്തിലധികം കാലം പൂട്ടിക്കിടന്നതിന് ശേഷമുള്ള ഈ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 5 മാസം കൊണ്ട് രണ്ടാംഘട്ടവും പൂർത്തിയാക്കിയാണ് വാണിജ്യാണിസ്ഥാനത്തിലുള്ള ഉൽപാദനപ്രക്രിയയിലേക്ക് കെപിപിഎൽ കടന്നത്.

 

സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എച്ച്.പി.സിയുമായി സംസ്ഥാനം 1972 ൽ കരാർ ഒപ്പിടുകയും 1979ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറുകയും ചെയ്തു. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച്.എൻ.എൽ. എന്നാൽ എച്ച്.എൻ.എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണ്ണമായും അടച്ചു തീർത്തു. സംസ്ഥാന സർക്കാരിന് വേണ്ടി കിൻഫ്ര സമർപ്പിച്ച റെസല്യൂഷൻ പ്ളാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റേയും ഇച്ഛാശക്തിയാണ് ലേലത്തിൽ പങ്കെടുത്ത് പോലും പൊതുമേഖലയിൽ നില നിർത്തി ഈ സ്ഥാപനം പ്രവർത്തിപ്പിക്കണമെന്ന തീരുമാനത്തിൽ പ്രതിഫലിച്ചത്.

 

പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്‌തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമാക്കി കെ.പി.പി.എല്ലിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നിപ്പിച്ച സ്ഥാപനമാണ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്‌ട‌റി എന്ന് ആലോചിക്കുമ്പോഴാണ് മാറ്റത്തിന്റെ വ്യാപ്‌തിയും ആഴവും ബോധ്യപ്പെടുക. അസ്‌തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.