News

രക്ഷിച്ചത് മൂന്ന് ജീവനുകൾ; ദേശീയ പുരസ്‌കാരം നേടി ശീതൾ

22 January 2023 , 7:43 AM

 

 

പിലാത്തറ : മൂന്ന് ജീവനുകൾ രക്ഷിച്ചെടുത്താണ് ശീതൾ ദേശീയ പുരസ്കാരത്തിന് അർഹയായത്. കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ ദേശീയ അവാർഡാണ് കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാംക്ലാസിലെ കെ. ശീതൾ ശശിയെ തേടിയെത്തിയത്. 2021 ജൂണിലാണ് സംഭവം.

 

 പിലാത്തറ പുറച്ചേരിയിലെ ബന്ധുവീട്ടിൽനിന്ന് കുളക്കരയിൽ പോയപ്പോൾ കുളത്തിൽ കുളിക്കുകയായിരുന്ന മൂന്നുപേർ മുങ്ങിത്താഴുന്നത് ശീതൾ കണ്ടു. കുളക്കരയിലുണ്ടായിരുന്ന കന്നാസുകൾ ഉപയോഗിച്ച് വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. കടന്നപ്പള്ളി പുത്തൂർകുന്നിലെ പാറയിൽ ഹൗസിൽ ശശിയുടെയും ഷീജയുടെയും മകളാണ്. സഹോദരി: ശില്പ.

 

അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കൊപ്പം ശീതൾ ശനിയാഴ്ച രാത്രി ഡൽഹിയിലെത്തി. ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ശീതളിന്‌ അവാർഡ് സമ്മാനിക്കും. കേരളത്തിലെ ഈ പുരസ്കാരത്തിന് അർഹരായ അഞ്ചുപേരിൽ ഒരാളാണ് ഈ മിടുക്കി. മെഡലും 40,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. ഒപ്പം ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ പഠനച്ചെലവുകളെല്ലാം സർക്കാർ വഹിക്കും.