News

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ ആരംഭിക്കും

25 August 2022 , 5:00 PM

 

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ തിരി തെളിയും.  കോളേജ് ആഡിറ്റോറിയത്തിലും, പുറത്തുള്ള മൂന്നിലേറെ വേദിയിലുമാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളും , ആ​ഗോള ആരോ​ഗ്യ വിദ​ഗ്ധരുടെ സമ്മേളനവും നടക്കുക.    26 ന് വൈകിട്ട് 3.30 മണിക്ക്  നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി. ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനത്തോട് അനുബന്ധിച്ച് 27 ന് ഇപ്പോൾ ലോകം നേരിടുന്ന വൈറസ് രോ​ഗങ്ങളുമായി ബന്ധപ്പെട്ട ലോക പ്രശസ്ത വി​ദ​ഗ്ധരായ ഡോക്ടർമാർ  പങ്കെടുക്കുന്ന നയിക്കുന്ന ചർച്ചകളും തുടർ വിദ്യാഭ്യാസ പരിപാടികളും നടക്കും. വൈറോളജി വിഷയത്തിൽ ലോക പ്രശസ്തനായ പ്രൊഫ. റോബർട് ​ഗാലോ മുഖ്യപ്രഭാഷണം നടത്തും. പ്ലാറ്റിനം ജൂബിലി പ്രഭാഷണം ഡോ. സി.എസ് പിച്ചുമണി നടത്തും. 

28 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. . ജസ്റ്റിസ് ഇന്ദു മൽഹോത്ര മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു,  ഡോ. ശശി തരൂർ എംപി എന്നിവർ  മുഖ്യ പ്രഭാഷണം നടത്തും. 

മൂന്ന് മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥിയായ ഡോ. രവീന്ദ്രനാഥൻ 80 ലക്ഷം രൂപ മുടക്കി നിർമ്മിച്ച നോളജ് സെന്റർ, ആർസിസി- സിഡിസി- മെഡിക്കൽ കോളേജ്- ശ്രീചിത്ര എന്നിവടങ്ങളിൽ ചികിത്സയ്ക്കായി എത്തുന്ന കുട്ടികൾക്ക് ചികിത്സയും നിർദ്ദേശവും, സാമ്പത്തിക സഹായവും നൽകുന്ന പദ്ധതിയായ തളിര് എന്നിവയുടെ ഉദ്​​ഘാടനവും നടക്കും.

കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലുമിനിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും , കേരള ആരോ​ഗ്യ സർവ്വകലാശാല, ആർസിസി, ​ഗവ. ദന്തൽ കോളേജ്, ​ഗവ. നേഴ്സിം​ഗ് കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസ്,  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ഘടകവും കോളേജ് യൂണിയൻ എന്നിവയും  സംയുക്തമായാണ് ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.