News

ആര്‍ഭാടങ്ങളില്ലാതെ ആര്യയും സച്ചിനും ഒന്നായി

04 September 2022 , 2:00 PM

 

തിരുവനന്തപുരം: ആര്‍ഭാടങ്ങളൊന്നുമില്ലാത്ത തികച്ചും ലളിതമായ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും ഒന്നായി. ഇരുവരും പരസ്പരം ചുവന്ന പുഷ്പഹാരം അണിയിച്ചതോടെ ഒന്നായി. മറ്റു ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്‌നേഹോപഹാരം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അഗതിമന്ദിരങ്ങളിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ നല്‍കണമെന്നും നേരത്തെ ആര്യ അഭ്യര്‍ഥിക്കുകയുണ്ടായി. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്താണ് ആര്യയുമായി സൗഹൃദത്തിലാകുന്നത്. അതു പിന്നെ ഒരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സച്ചിന്‍ദേവ് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയാണ്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ആം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് മേയറായത്.