News

ഇരുകൈകളും വീശി അവർ പരിഭ്രമിച്ച് ഓടിയെത്തി", പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച ആ സ്ത്രീ ഇവരാണ്; പൊലീസുകാരിയെ പ്രശംസിച്ച് റോഷി അഗസ്റ്റിൻ

16 February 2023 , 6:53 AM

 

 

പത്തനംതിട്ട: ‍‍ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച വനിതാ  സിവിൽ പൊലീസ് ഓഫീസറെ പ്രശംസിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. 

 

അടൂർ - പത്തനംതിട്ട റോഡിൽ പോത്രാടിനു സമീപം അപകടത്തിൽപ്പെട്ട ആളെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

അന്ന് മന്ത്രിയുടേതടക്കം പല വാഹനങ്ങൾക്കും കൈ കാണിച്ച് അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ ശ്രമിച്ച കൊടുമൺ സ്റ്റേഷനിലെ സിപിഒ പ്രിയലക്ഷ്മിയെക്കുറിച്ചാണ് റോഷി അഗസ്റ്റിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

 ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം....

തിരുവനന്തപുരത്തേക്ക് വരും വഴി രാത്രി 9 മണിയോടെ അടൂർ തട്ട പത്തനംതിട്ട റോഡിൽ പോത്രാടിനു സമീപം എത്തിയപ്പോൾ പൈലറ്റ് വാഹനത്തിനു മുന്നിലേക്ക് ഒരു യുവതി ഇരുകൈകളും വീശി വന്നു. വണ്ടികൾ നിർത്തിയ ഉടൻ അവർ പരിഭ്രമിച്ച് ഓടിയെത്തി. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കാൻ തുടങ്ങിയിട്ട് പത്തു മിനിറ്റോളം ആയെന്നും അയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നും ഒറ്റ ശ്വാസത്തിൽ പറഞ്ഞു. 

ബൈക്കപടകത്തിൽ പെട്ട ആൾക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ എന്നാണ് അവരുടെ പരിഭ്രമം കണ്ടപ്പോൾ കരുതിയത്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൈലറ്റ് വാഹനത്തിലെ പൊലീസുകാരെ ചുമതലപ്പെടുത്തി. അവർ ഉടൻ തന്നെ അടൂർ ഗവ. ആശുപത്രിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

പിന്നീടാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ സ്ത്രീയോടു സംസാരിക്കുന്നത്. കൊടുമൺ സ്റ്റേഷനിലെ സിപിഒ പ്രിയലക്ഷ്മിയാണ് അപകടത്തിൽപ്പെട്ട ആളെ സഹായിക്കാൻ രംഗത്തിറങ്ങിയത്. അടൂർ പോത്രാട് സ്വദേശിനി. ഭർത്താവ് റാന്നി കെഎസ്എഫ്ഇ ജീവനക്കാരനാണ്.

പലരും കാഴ്ചക്കാരായി നിന്നപ്പോൾ പ്രിയലക്ഷ്മി അതുവഴി വന്ന വാഹനങ്ങൾക്ക് കൈനീട്ടുകയായിരുന്നു. പലരും നിർത്താൻ പോലും തയാറായില്ലെന്ന് വേദനയോടു കൂടിയാണ് അവർ പറഞ്ഞത്. കൺമുന്നിൽ ഒരാൾ പ്രാണനു വേണ്ടി യാചിക്കുമ്പോൾ അതു കണ്ടില്ലെന്നു നടിച്ചു പോകാൻ അവർ തയാറായില്ല. പ്രിയലക്ഷ്മിയോട് ഏറെ ബഹുമാനം തോന്നി. 

യുവാവിനെ ഇടിച്ചു വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. തങ്ങളും കേസിൽ ഉൾപ്പെടും എന്നു ഭയന്നാകും പിന്നാലെ എത്തിയ പലരും അപകടത്തിൽപ്പെട്ടയാളെ തിരിഞ്ഞു പോലും നോക്കാതെ കടന്നു പോയത്. ഈ മനോഭാവം മാറേണ്ടതാണ്. ഏഴു മിനിറ്റോളം യുവാവ് വഴിയിൽ കിടന്നു എന്നാണ് പ്രിയലക്ഷ്മി പറഞ്ഞത്. ആ സമയം കൊണ്ട് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ യുവാവിന്റെ ജീവൻ രക്ഷപ്പെടുമായിരുന്നു. ഒരു കുടുംബത്തിന്റെ ആശ്രയം അറ്റുപോകില്ലായിരുന്നു. 

രണ്ടാഴ്ച മുൻപ് മണ്ഡലത്തിലേക്ക് പോകും വഴി തിരുവനന്തപുരത്ത് യുവതി അപകടത്തിൽ പെട്ടതിനും സാക്ഷിയായി. റോഡുകൾ കുരുതിക്കളം ആകാതിരിക്കാൻ നമ്മുക്കും അൽപം ജാഗ്രത പുലർത്താം. അപകടത്തിൽപ്പെട്ടയാളെ കണ്ടിട്ട് മുഖം തിരിച്ചു പോകാതിരിക്കാൻ നമ്മുക്ക് ശീലിക്കാം.