News

പിടികൂടിയത് എല്‍.എസ്.ഡി സ്റ്റാമ്പല്ലെന്ന് പരിശോധനാഫലം; ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ സംരംഭക ജയിലില്‍ കിടന്നത് 72 ദിവസം, കടം കയറി ആത്മഹത്യയുടെ വക്കില്‍ യുവതി

01 July 2023 , 2:33 PM

 

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ലെന്ന് പരിശോധനാ ഫലം. ഇല്ലാത്ത ലഹരിയൃുടെ പേരില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ സംരംഭക ജയിലില്‍ കിടന്നത് 72 ദിവസമാണ്. കേസിന്റെ വിചാരണയുടെ ഭാഗമായി എക്സൈസ് ക്രൈംബ്രാഞ്ച് എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തല്‍. പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ ഫെബ്രുവരി 27നാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ ഷീലയില്‍ നിന്ന് എക്സൈസ് സംഘം അന്ന് പിടിക്കൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ല എന്ന പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ചാലക്കുടി എക്സൈസ് പിടികൂടിയ കേസ് പിന്നീട് എക്സൈസ് ക്രൈംബ്രാഞ്ച് എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്. പിടികൂടിയ സമയത്തുതന്നെ സംശയമുള്ളവരെ പറ്റി അന്വേഷണ സംഘത്തെ ധരിപ്പിച്ചെങ്കിലും ഇവരെ ചോദ്യം ചെയ്യുകയോ സ്റ്റാമ്പുകള്‍ എവിടെ നിന്നാണ് കിട്ടിയതെന്നതിന്റെ തുടരന്വേഷണമോ നടന്നിട്ടില്ല എന്നാണ് ഷീലയുടെ ആരോപണം. കേസിന്റെ ഭാഗമായി നടപടി നേരിട്ട് ഷീല 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. തന്‍െ്‌റ കാറിലും ബാഗിലും നിന്നുമാണ് ലഹരി വസ്തുവെന്ന് പറയപ്പെടുന്ന സാധനം അന്ന് എക്‌സൈസ് കണ്ടെടുക്കുന്നത്. എന്നാല്‍ വിശദമായ പരിശോധനങ്ങള്‍ നടത്താതെ തന്നെ ജയിലിലടയ്ക്കുകയായിരുന്നുവെന്ന് സംരംഭക പറയുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും സംരഭക പറഞ്ഞു. അറസ്റ്റിലായതോടെ കടംവാങ്ങിയും ലോണ്‍ എടുത്തും നടത്തി പോന്നിരുന്ന ബൂട്ടിപാര്‍ലര്‍ അടച്ചിരുന്നു. ഇതോടെ വന്‍ സാമ്പത്തിക ബാധ്യതയേറി ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറയുന്നു.