Entertainment

പൃഥ്വിരാജിന്റെ 'കാപ്പ' ക്രിസ്മസിന്

14 November 2022 , 11:43 PM

 

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം 'കാപ്പ'യുടെ റിലീസ് പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് കാപ്പയില്‍ പ്രധാന കഥാപാത്രങ്ങള്‍. ഛായാഗ്രഹണം-ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍-മനു സുധാകരന്‍, കലാസംവിധാനം-ദിലീപ് നാഥ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഒ-ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് , ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.