News

വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്

04 September 2023 , 11:03 AM

 

മൂവാറ്റുപുഴ: നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ ബെവ്കോ ജീവനക്കാര്‍ക്കെതിരെയാണ് കേസ്. മൂവാറ്റുപുഴ പൊലീസ് അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്.കഴിഞ്ഞ 25-ാം തീയതി സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.ആദ്യം കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. സഹപാഠികള്‍ മദ്യം നല്‍കിയെന്നായിരുന്നു കുട്ടികള്‍ പറഞ്ഞതെങ്കിലും, മൂവാറ്റുപുഴയിലെ ബെവ്കോ ഔട്ട് ലെറ്റില്‍നിന്നും വാങ്ങിയതാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. പതിനെട്ടുവയസ് പൂര്‍ത്തിയാകത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം.