News

എലത്തൂർ സംഭവം, രേഖാചിത്രം പുറത്ത്

03 April 2023 , 1:36 PM

 

കോഴിക്കോട് : ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി വണ്‍ കംപാര്‍ട്ടുമെന്റിൽ തീയിട്ട് മൂന്നുപേരുടെ മരണത്തിനിടാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിൻ്റെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.

 

പ്രതിയെന്ന് സംശയിക്കുന്ന ആളുമായി സാദൃശ്യമുള്ള ചിത്രം എലത്തൂർ പോലീസ് സ്റ്റേഷനിലാണ് തയ്യറാക്കിയത്.

 

നിർണായക സാക്ഷി റാസിക്കിൻ്റെ സഹായത്തോടെയാണ് ചിത്രം വരച്ചത്‌.

 

അതേ സമയം ട്രെയിൻ അക്രമം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡി ജി പി അനിൽ കാന്ത് അറിയിച്ചു.

 

എലത്തൂരിൽ സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

 

ദൃശ്യങ്ങളിൽ ഉള്ളത് ചുവപ്പ് ഷർട്ടും ധരിച്ച യുവാവാണ്.

 

സംഭവ ശേഷം റോഡിലെത്തിയ പ്രതി ഫോണിൽ സംസാരിക്കുന്നതായും, തുടർന്ന്  ബൈക്കിന് പിന്നിൽ കയറി പോകുന്നതുമായുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

 

ഇത് മുൻനിർത്തിയുള്ള അന്വേഷണമാണ് നടത്തുന്നത് എന്ന് ഡിജിപി അനിൽ കാന്ത് പറഞ്ഞു. 

 

കുറച്ചു തെളിവുകൾ ലഭിച്ചതായും, പ്രതികളെ ഉടൻ പിടികൂടുമെന്നും ഡിജിപി വ്യക്തമാക്കി.

 

ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി വണ്‍ കംപാര്‍ട്ടുമെന്റിലാണു സംഭവം. 

 

ഇന്നലെ രാത്രി ഒമ്പതരയോടെ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ രണ്ടു കുപ്പി പെട്രോള്‍ വീശിയൊഴിച്ച് തീയിടുകയായിരുന്നു. തീ ആളിപ്പടര്‍ന്നയുടനേ യാത്രക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ മൂന്നു പേരാണു മരിച്ചത്. 48 കാരിയായ റഹ്‌മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ടു വയസുകാരി സഹറയുമാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. അക്രമി ഇതിനിടെ ഓടിരക്ഷപ്പെട്ടു.

ട്രെയിനില്‍ അക്രമി തീയിട്ട ഉടനേ വസ്ത്രങ്ങളില്‍ തീ പടര്‍ന്നു പൊള്ളലേറ്റ എട്ടു യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയില്‍നിന്നു രക്ഷപ്പെടാന്‍ ഇവര്‍ മറ്റു കംപാര്‍ട്ടുമെന്റുകളിലേക്ക് ഓടുകയായിരുന്നു. കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.