News

വന്ദേഭാരതിലെ ഭക്ഷണത്തില്‍ പുഴു: പരാതിയുമായി യാത്രക്കാരന്‍

03 May 2023 , 4:12 PM

 

കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന് കാട്ടി  കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിന് പരാതി നല്‍കി യാത്രക്കാരന്‍. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോയ യാത്രക്കാരനാണ് വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ നിന്നും പുഴുവിനെ ലഭിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇയാള്‍ വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്നത്. ഭക്ഷണത്തില്‍ പുഴു കിടക്കുന്നതിന്റെ വീഡിയോയും യാത്രക്കാരന്‍ പങ്ക് വെച്ചിട്ടുണ്ട്. വന്ദേഭാരത് എക്സ്പ്രസിന്റെ ഇ 1 കംപാര്‍ട്മെന്റിലാണ് പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്. കാസര്‍കോട് എത്തിയ ഉടന്‍ ട്രെയിനില്‍ നിന്ന് ലഭിച്ച പൊറോട്ടയില്‍ നിന്ന് പുഴുവിനെ ലഭിച്ചതായി യാത്രക്കാരന്‍ പരാതി നല്‍കി. യാത്രക്കാരന്റെ പരാതി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് തുടര്‍ നടപടികള്‍ക്കായി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടി സ്വീകരിക്കാനുള്ള അധികാരം പാലക്കാട് റെയില്‍വേ ഡിവിഷനാണ്. കാസര്‍കോട് സ്റ്റേഷന്‍ പരിധിയും പാലക്കാട് ഡിവിഷന്റെ ഭാഗമായി ഉള്ളതാണ്. പരാതിയില്‍ ഉന്നയിച്ച കാര്യം റെയില്‍വേ ഉദ്യോഗസ്ഥര്‍ ഗൗരവമായി പരിശോധിക്കുന്നുണ്ട്. അതിവേഗത്തിലുള്ള യാത്ര ഒപ്പം മികച്ച ഭക്ഷണവും എന്ന വാഗ്ദാനത്തോടെയാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തില്‍ എത്തിയത്. സര്‍വീസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്ക് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയത് കല്ലുകടിയായി.