News

ബൈക്കോടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; യുവാവിന്‍െ്‌റ ലൈസന്‍സ് തെറിച്ചു

Idukki Reporter

19 August 2022 , 7:47 PM

 

ഇടുക്കി: ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യവേ മൊബൈല്‍ ഫോണില്‍ ഫെയ്‌സ്ബുക്ക് ലൈവ് ചെയ്ത വാഹനവും യുവാവിനെയും  മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി ശിക്ഷിച്ചു. ഇയാളുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതോടൊപ്പം ഐ.ഡി.ടി.ആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ ആര്‍ രമണന്‍ ഉത്തരവിട്ടു. ഇടുക്കി സ്വദേശി വിഷ്ണുവിനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്.

കഴിഞ്ഞദിവസമാണ് യുവാവ് തന്റെ എന്‍ഫീല്‍ഡ് ബൈക്കില്‍ ചെറുതോണിയില്‍ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈല്‍ ഫോണില്‍ സോഷ്യല്‍ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്‍.ടി.ഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മാത്രമല്ല ഡ്രൈവര്‍മാരെ നേര്‍വഴിക്കെത്തിക്കുന്ന ഐ.ഡി. റ്റി.ആര്‍ ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തം ചെലവില്‍ പോകണമെന്നും ആര്‍.ടി.ഒ നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള നടപടി സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് ആര്‍.ടി.ഒ പറഞ്ഞു.