News

യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അയൽവാസി അറസ്റ്റിൽ

10 February 2023 , 1:30 PM

 

ഭാര്യയുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ തയ്യാറാകാത്തത് കൊലപാതകത്തിൽ കലാശിച്ചു

പത്തനംതിട്ട: യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി പിടിയിലായി. കലഞ്ഞൂർ കുടുത്ത കനാൽഭാഗം  അനന്തു ഭവനിൽ രാജൻ മകൻ അനന്തു (27) കൊല്ലപ്പെട്ട കേസിൽ, പത്തനംതിട്ട കലഞ്ഞൂർ കുടുത്ത കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ശ്രീവിലാസം ശിവാനന്ദന്റെ മകൻ കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാർ (37) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് അനന്തുവിന്റെ മൃതദേഹം കണ്ടത്. ഇരുവരും തമ്മിൽ മുമ്പ് വഴക്കുണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഞായറാഴ്ച റബർ പ്ലാന്റേഷൻ തോട്ടത്തിലിരുന്ന് അനന്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചുവത്രെ, ഈ സമയം അവിടെയെത്തിയ ശ്രീകുമാർ, കൂട്ടുകാർ പോകുന്നതു വരെ കാത്തുനിന്നു. സുഹൃത്തുക്കൾ മടങ്ങിയ ശേഷം, ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന അനന്തുവിനെ പിന്നിലൂടെയെത്തിയ പ്രതി, കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് മരണമുറപ്പാക്കിയ ശേഷം, മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലിൽ കൊണ്ടിടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശേഷം  അനന്തുവിനെ കാണാതായതിനു പിറ്റേന്ന് പിതാവ് രാജന്റെ മൊഴിപ്രകാരം കൂടൽ പോലീസ് തിരോധനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു കണ്ട രക്തത്തുള്ളികളിൽ സംശയം തോന്നിയ പോലീസ്, അത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മൃതദേഹം പരിശോധിച്ചപ്പോൾ,  ഇടതുചെവിക്ക് താഴെ തലയുടെ പുറകിൽ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.

      അഞ്ചാം തീയതി വൈകിട്ട്  ഏഴരയോടുകൂടി  അനന്തുവും സമീപവാസിയായ ശ്രീകുമാറും തമ്മിൽ വീടിനു സമീപം  വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പ്ലംബർ ജോലി ചെയ്തുവന്ന അനന്തുവും,  ശ്രീകുമാറിന്റെ ഭാര്യയും തമ്മിൽ  ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പറയപ്പെടുന്നു. ഇതിന്റെ പേരിൽ   ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പോലീസിന് വിവരം കിട്ടി. ശ്രീകുമാർ  ഒളിവിൽ പോയതിനെത്തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് ബന്ധുവിന്റെ കുളത്തുമണ്ണിലെ  വീട്ടിൽ നിന്നും രാത്രി 10 മണിയോടുകൂടി  അറസ്റ്റ് ചെയ്തത്. ഇവിടെ ഇയാൾ ഇയാൾ ഒളിച്ചു പാർക്കുകയായിരുന്നു. 

വനത്തോട് ചേർന്നുള്ള ഷെഡിലായിരുന്നു രാത്രി കഴിഞ്ഞു കൂടിയത്. പകൽ വനത്തിനുള്ളിലും. വിവരമറിഞ്ഞ പോലീസ് ഇൻസ്‌പെക്ടറും സംഘവും ഇന്നലെ രാത്രി സ്ഥലത്തെത്തി ഷെഡിന് സമീപം പതുങ്ങിയിരുന്നു. രാത്രി ഷെഡിൽ എത്തിയ പ്രതി പോലീസിനെക്കണ്ട് വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. പിന്തുടർന്ന് മൽപ്പിടിത്തത്തിലൂടെ പ്രതിയെ കീഴടക്കിയ പോലീസുകാരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

        ഭാര്യയുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ തയ്യാറാകാഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പോലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും,  അടിക്കാനുപയോഗിച്ച കമ്പി കനാലിൽ നിന്നും കണ്ടെത്തുകയും ചെയ്തു. കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.