News

യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പങ്കാളി ഷൈജുവിനായി തിരച്ചിൽ തുടരുന്നു

13 February 2023 , 7:49 AM

 

 

പത്തനംതിട്ട : പൂഴിക്കാട്  സജിത(42)യെ കൊന്ന പങ്കാളി ഷൈജുവിനായി പൊലീസിന്‍റെ വ്യാപക തിരച്ചിൽ.

 തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു കേരളം വിട്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് സജിതയെ തലക്കടിച്ച് കൊന്നത്.

പന്തളത്തിന് സമീപം പൂഴിക്കാട് തച്ചിരേത്ത് താമസിച്ചിരുന്ന മുളക്കുഴ സ്വദേശി സജിതയെ ഷൈജു കൊന്നത് വെള്ളിയാഴ്ച രാത്രിയിൽ. കമ്പിവടികൊണ്ട് തലക്കടിക്കുകയായിരുന്നു. സജിത മരിച്ചെന്ന് ഉറപ്പിച്ച പ്രതി ഷൈജു അന്നുതന്നെ സ്ഥലം വിട്ടു. രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഷൈജു സാധാരണ പോകാറുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.

 

ഷൈജുവിന്‍റെ മൊബൈൽ ഫോൺ കൊലപാതകം നടന്ന ദിവസം മുതൽ സ്വിച്ച് ഓഫ് ആണ്. കൊല്ലപ്പെട്ട സജിതയും ഷൈജുവും തമ്മിൽ പലതവണ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

 സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് ഷൈജു ഇയാളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. രണ്ടുപേരും മുമ്പ് വിവാഹം കഴിച്ചിട്ടുണ്ട്.