News

അമ്മൂമ്മയുടെ കാത് പഴുത്തു: അന്വേഷണത്തില്‍ കുടുങ്ങിയത് ചെറുമകളും കാമുകനും

20 November 2022 , 3:14 PM

 

തൃശൂര്‍: വൃദ്ധയുടെ കാത്പഴുത്ത്  തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുരുളിഞ്ഞത് ചെറുമകളുടെയും കാമുകന്‍െ്‌റ തട്ടിപ്പ്. ഇരുവരും ചേര്‍ന്ന് വൃദ്ധയെ കബളിപ്പിച്ച് തട്ടിയെടുത്തത് 17.5 പവന്‍ സ്വര്‍ണാഭരണങ്ങളും 8 ലക്ഷം രൂപയും. തൃശൂര്‍ ചേര്‍പ്പ് പള്ളിപ്പുറത്താണ് സംഭവം. പുളിപ്പറമ്പില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ ലീലയുടെ (72) 17.5 പവന്‍ സ്വര്‍ണാഭരണങ്ങളും എട്ട ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഈ കേസില്‍ കൊച്ചുമകള്‍ സൗപര്‍ണിക (21), കാമുകന്‍ വെങ്ങിണിശേരി തലോണ്ട അഭിജിത് (21) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലീലയുടെ മകന്റെ മകളാണു സൗപര്‍ണിക. 14 വര്‍ഷം മുന്‍പ് അമ്മ ഉപേക്ഷിച്ചു പോവുകയും എട്ട് വര്‍ഷം മുന്‍പ് അച്ഛന്‍ മരിക്കുകയും ചെയ്ത സൗപര്‍ണികയെ ലീലയാണു നോക്കുന്നത്.

2021 മാര്‍ച്ച് മുതല്‍ നാല് തവണയായി 17.5 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് തവണയായി എസ്ബിഐ കൂര്‍ക്കഞ്ചേരി ശാഖയില്‍ നിന്നു എട്ട് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ലീല അറിയാതെ ചെറുമകള്‍ കൈവശപ്പെടുത്തി അഭിജിത്തിനു കൈമാറിയായി അന്വേഷണത്തില്‍ കണ്ടെത്തി. രോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ഭാസ്‌കരന്റെ കുടുംബ പെന്‍ഷന്‍ ബാങ്കില്‍ നിന്നു വാങ്ങിയിരുന്നതു സൗപര്‍ണികയാണ്. ബിബിഎ ബിരുദധാരിയാണ് സൗപര്‍ണിക. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ സൗപര്‍ണികയുടെ സഹപാഠിയാണ് അഭിജിത്. അഭിജിത്തിന് അമ്മ മാത്രമാണുള്ളത്. അഭിജിത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനും വീട് പണി നടത്താനുമാണ് സൗപര്‍ണിക കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കില്‍ സ്വര്‍ണം പണയം വച്ച് പണം നല്‍കിയത്.
പിടിക്കപ്പെടാതിരിക്കാന്‍ അതേ മാതൃകയിലുള്ള മുക്കുപണ്ടം വാങ്ങി വച്ചിരുന്നു. മുക്കുപണ്ടം കൊണ്ടുള്ള കമ്മല്‍ ധരിച്ച് ലീലയ്ക്ക് കാതില്‍ പഴുപ്പ് വന്നു. തുടര്‍ന്നു കമ്മല്‍ ഊരി വച്ചതോടെ കാത് അടഞ്ഞു. വീണ്ടും കാത് കുത്തി കമ്മല്‍ ഇടാന്‍ തട്ടാനെ സമീപിച്ചപ്പോഴാണു സ്വര്‍ണമല്ലെന്നു തിരിച്ചറിഞ്ഞത്. ഇതോടെ മറ്റ് ആഭരണങ്ങളും പരിശോധിച്ച് സ്വര്‍ണമല്ലെന്നു മനസ്സിലാക്കി. ഇക്കാര്യം മകളോട് പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറുമകളും കാമുകനും കൂടി തന്നെ ചതിക്കുകയാണെന്ന് ഈ വൃദ്ധയ്ക്ക് മനസിലായത്. തുടര്‍നടപടികള്‍ക്കായി വൃദ്ധയുടെ പ്രതികരണവുമായി കാത്തിരിക്കുകയാണ് പോലീസ്.