News

മദ്രസയിലേയ്ക്ക് പോയ ഒന്‍പതുവയസുകാരിയെ പൊക്കിയെടുത്തെറിഞ്ഞയാള്‍ പിടിയില്‍

17 November 2022 , 1:48 PM

 


കാസര്‍കോട്: ഒന്‍പതുവയസുകാരിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞയാളെ പോലീസ് പിടികൂടി. കാസര്‍കോഡ് മഞ്ചേശ്വരം ഉദ്യാവറില്‍ ആണ് സംഭവം. മദ്രസയില്‍ പോകുകയായിരുന്ന ഒന്‍പതുവയസുകാരിയെ യുവാവ് പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്രസയിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. സോഷ്യല്‍ മീഡിയായില്‍ വന്‍ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്നുണ്ടായത്. ഉദ്യാവര  ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. റോഡില്‍  നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കര്‍ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. 'സൈക്കോ' എന്ന ഇരട്ട പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ്, നേരത്തെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. കുട്ടിയ്ക്ക് സാരമായ പരുക്കുകളുണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണ്.