News

മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം:രണ്ടുപേര്‍ അറസ്റ്റിൽ

25 April 2023 , 8:55 AM

 

പാലക്കാട്: ഒറ്റപ്പാലം പത്തിരിപ്പാല പേരൂരിൽ കുളത്തിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചതില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റിൽ. പത്തിരിപ്പാല പാറപ്പള്ളം സ്വദേശി മധു, പേരൂർ സ്വദേശി ശരത് എന്നിവരാണു ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. പെരുംപറമ്പ് സ്വദേശി അജിത്ത് കുമാറാണ് ഷോക്കേറ്റു മരിച്ചത്.

 

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു അത്യാഹിതം. കുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ അജിത്ത് കുമാറിന് ഷോക്കേറ്റു. ബോധരഹിതനായി വീണ അജിത് കുമാറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളത്തിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും കുളത്തിലേക്കു വൈദ്യുതിയെത്തിച്ച് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. അജിത് കുമാറിനെ കൂടാതെ സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. മധുവും ശരത്തും രാത്രിയിലുണ്ടായ മുഴുവന്‍ കാര്യങ്ങളും പൊലീസിനോട് ഏറ്റുപറഞ്ഞു. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുതി മോഷണത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. അജിത് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി