News

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ സംഘം പിടിയിൽ

25 January 2023 , 7:23 PM

 

 

ആലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ സംഘം പാലീസ് പിടിയിൽ. ചങ്ങനാശ്ശേരി മുൻസിപ്പൽ 18-ാം വാർഡിൽ കിഴക്കും ഭാഗത്ത് പടിഞ്ഞാറെ പുത്തൻ പുരയ്ക്കൽ വീട്ടിൽ ദിലീപ് കുമാറിന്റെ മകൻ ദിൽജിത്ത് (26), ഇടുക്കി പീരൂമേട് വില്ലേജിൽ പീരുമേട് ഗസ്റ്റ്ഹൗസ് ക്വർട്ടേഴ്സിൽ ശെൽവത്തിന്റെ മകൻ രതീഷ് (28) എന്നിവരെയാണ് എടത്വാ പോലീസ് പിടികൂടിയത്. രണ്ട് ദിവസം മുൻപ് തലവടിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വളകൾ പണയപ്പെടുത്തി 29,500 രൂപ ഇവർ കൈപ്പറ്റിയിരുന്നു. ഇവർ പോയ ശേഷം പണയപ്പെടുത്തിയ പണ്ടത്തിന്റെ രസീത് ഓഫീസിൽ വെച്ച് കിട്ടിയതോടെ സ്ഥാപന ഉടമകൾക്ക് സംശയം തോന്നി. പണയ ഉരുപ്പടി കൂടുതൽ പരിശോധിച്ചതിനെ തുടർന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. സ്ഥാപന ഉടമകൾ എടത്വാ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് സി.സി ടി.വി ദൃശ്യം പരിശോധിച്ച് ഇവരുടെ ഫോട്ടോ പകർത്തി. പോലിസ് രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിൽ ദിൽജിത്തിനെ കോട്ടയത്തുനിന്നും, രതീഷിനെ ചങ്ങനാശേരിയിൽ നിന്നും പിടികൂടി. രണ്ട് ദിവസമായി പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്ന പ്രതികളെ ഒടുവിൽ പോലീസ് സാഹസികമായി വലയിലാക്കി.

     മുക്കുപണ്ട ഉരുപ്പടികളിൽ സ്വർണ്ണം കട്ടികൂട്ടി പൊതിഞ്ഞാണ് പണയപ്പെടുത്താൻ ഇവർ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ എത്തിക്കുന്ന സ്വർണ്ണം ഉരച്ചു നോക്കിയാലും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് ഉരുപ്പടികളുടെ നിർമ്മാണം. പോലീസിന്റെ അന്വേഷണത്തിൽ സമാന രീതിയിൽ പല സ്ഥലങ്ങളിലും മുക്കുപണ്ടം പണയപ്പെടുത്തി വൻതുക കൈപ്പറ്റിയിട്ടുണ്ടന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. എടത്വാ സി.ഐ ആനന്ദബാബു, എസ്. ഐ സജികുമാർ സി.ജി., എ.എസ്.ഐ സജികുമാർ, സീനിയർ സി.പി. ഒ സുനിൽ, സി.പി.ഒമാരായ വിനു കൃഷ്ണൻ, സഫീർ, കണ്ണൻ എന്നിവർ അന്വേഷണത്തിന് നേത്യുത്വം നൽകി.