News

കടലില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

07 September 2022 , 3:49 PM

 

കൊച്ചി: കടലിൽ മത്സ്യബന്ധനത്തിന് ശേഷം തിരികെ വരുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ വച്ചാണ് സംഭവം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്.

സംഭവം നടന്നതിന് തൊട്ടരികില്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ, വെടിയുണ്ട അബദ്ധത്തില്‍ തട്ടി തെറിച്ച് സെബാസ്റ്റ്യന്റെ ചെവിയില്‍ പതിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് ലഭിച്ച വെടിയുണ്ട നേവിയുടെ അല്ലതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.