News

അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രികർക്ക് ആദ്യം സഹായഹസ്തം: തുടർന്ന് അമ്പതിനായിരം രൂപ അപഹരിച്ചു മുങ്ങി , പ്രതിയെ പിടികൂടിയത് പോലീസ് സ്റ്റേഷനിൽ നിന്ന്

13 November 2022 , 1:03 AM

 

കൊച്ചി: സ്കൂട്ടർ അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ 6 ലക്ഷം രൂപയുമായി  മുങ്ങിയ ആളെ പോലീസ് പിടികൂടി. എറണാകുളം കളമശ്ശേരിയിൽ വടകയ്ക്ക് താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 17 ന് കടവന്ത്രയിൽ വെച്ചായിരുന്നു സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഇവരെ എറണാകുളതെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് രാജേഷാണ്. തുടർന്ന് വാഹനത്തിന്റെ ഉള്ളിൽ ഇരുന്ന  50,000 രൂപ കൈക്കലാക്കി മുങ്ങുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് പണം അപഹരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. കവർച്ചക്ക് ശേഷം രാജേഷ് ആലുവ പോലീസ് സ്റ്റേഷനിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ വൃത്തിയാക്കാം എന്ന് പറഞ്ഞു സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ദമ്പതികളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.