News

ഇസ്രായേലിൽ വച്ച് മുങ്ങിയ കർഷകൻ തിരിച്ചെത്തി : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ആയിരുന്നു മുങ്ങിയത്, വന്നത് സ്വന്തം ഇഷ്ടപ്രകാരം

27 February 2023 , 6:45 AM

 

മലപ്പുറം: കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ  കേരളത്തിൽ ഇന്ന് പുലർച്ചെ തിരിച്ചെത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു മാധ്യമങ്ങളോട് പറ‍ഞ്ഞു. 

ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും ബിജു പറയുന്നു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക ആയിരുന്നു ലക്ഷ്യം. 

ഇത് സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാഞ്ഞതെന്നും പറഞ്ഞു. രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യൻ പറഞ്ഞു.

 ബന്ധുക്കൾക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു. സർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നടപടി ഉറ്റു നോക്കുകയാണ് കേരളം.