News

സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കാൻ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

15 August 2023 , 4:18 PM

 

തിരുവന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കാൻ നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ജനുവരി ഒന്നിന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കുക. സെപ്തംബറിൽ സംക്ഷിപ്ത പുതുക്കൽ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
       പുതുക്കിയ മാനദണ്ഡമനുസരിച്ച്, ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവരെ പട്ടികയിൽ ഉൾപ്പെടുത്താനാകും. പുതുക്കിയ വിവരങ്ങളുടെ കരട് പട്ടിക സെപ്തംബർ 8നും അന്തിമ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപപറേഷനുകളിലെയും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
       നിലവിലുള്ള പട്ടിക സെപ്തംബർ ഒന്നിനാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭ്യമാക്കുക. ഈ പട്ടിക പരിശോധിച്ച ശേഷം സ്ഥലം മാറി പോയവരുടെയും മറ്റും പേരുകൾ സെപ്തംബർ 2ന് മുമ്പ് തന്നെ ഒഴിവാക്കണം. കൂടാതെ, മരിച്ചവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചും ആക്ഷേപങ്ങൾ ഇല്ലെങ്കിൽ 7 ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണെന്നുമാണ് നിർദ്ദേശം.