News

ഗുരുവായൂരപ്പന് ഗൂഗില്‍ പേ: ഇനി മുതല്‍ കാണിക്ക ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം

17 September 2022 , 9:16 PM

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കാണിക്ക  സമര്‍പ്പിക്കാനായി സ്ഥാപിച്ച ഇ- ഭണ്ഡാരങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, എസ്.ബി.ഐ നെറ്റ്' വര്‍ക്ക് 2 ന്റെ ചുമതല വഹിക്കുന്ന ജനറല്‍ മാനേജര്‍ റ്റി.ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് ഇ-ഭ ണ്ഡാരസമര്‍പ്പണം നടത്തിയത്. ഡിജിറ്റല്‍ യുഗത്തില്‍ കടലാസ് രഹിത പണമിടപാട് പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വവും പങ്കു ചേരുകയാണെന്ന് ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ പറഞ്ഞു. എസ്.ബി.ഐ ജനറല്‍ മാനേജര്‍ ടി.ശിവദാസ്ഇ-ഭണ്ഡാരത്തില്‍ ആദ്യ കാണിക്കയായി 1001 രൂപ സമര്‍പ്പിച്ചു. കിഴക്കേ ഗോപുര കവാടത്തില്‍ ദീപസ്തംഭത്തിന് മുന്നില്‍ ഇരു വശങ്ങളിലുമായാണ് എസ്.ബി.ഐയുടെ സഹകരണത്തോടെ രണ്ട് ഇ- ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ഭക്തര്‍ക്ക് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്ക സമര്‍പ്പിക്കാം. യു.പി.ഐ പേമെന്റ് സംവിധാനം ഉപയോഗിച്ച് ഗൂഗിള്‍ പേ, പേ ടൈം, ഭീം പേ ഉള്‍പ്പെടെ ഏത് മാര്‍ഗം വഴിയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്കയര്‍പ്പിക്കാം. ഇ-ഭണ്ഡാരം വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലില്‍ ഉള്‍പ്പെടുത്തി രേഖപ്പെടുത്തും. കഴിഞ്ഞ ജൂണ്‍ 24ന് ചേര്‍ന്ന ദേവസ്വം ഭരണ സമിതി യോഗമാണ് ഇ - ഭണ്ഡാരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തീരുമാനമെടുത്ത് മൂന്നു മാസത്തിനകം തന്നെ ഇ- ഭണ്ഡാരം സമര്‍പ്പിക്കാന്‍ സാധിച്ചു.