News

രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോഴിക്കോട് ആരംഭിച്ചു

22 June 2023 , 4:18 PM

 

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോഴിക്കോട് കുറ്റ്യാടിയിചല്‍ ആരംഭിച്ചു. ആക്ടീവ് പ്ലാനറ്റ് എന്നാണ് പാര്‍ക്കിന്റെ പേര്. പത്തേക്കറാണ് പാര്‍ക്കിന്റെ വലുപ്പം. രണ്ടരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാര്‍ന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാന്‍ നാല്പതിലേറെ ഫ്രീസ്‌റ്റൈല്‍ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികള്‍ക്കൊപ്പമെത്തുന്നവര്‍ക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാര്‍ക്കില്‍ ഉണ്ടാകും.

സായാഹ്നങ്ങളില്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളില്‍, മികച്ച കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാര്‍ക്കിനെ സജീവമാക്കും. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തില്‍ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവര്‍ ആക്റ്റീവ് പ്ലാനറ്റില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും. വ്യത്യസ്തമായ ഈ കലാവിഷ്‌കാരങ്ങള്‍ സന്ദര്‍ശകര്‍ക്കും വേറിട്ട അനുഭവമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള രുചി വൈവിധ്യങ്ങള്‍ ഒന്നിക്കുന്ന ഫുഡ് കോര്‍ട്ട്, പാര്‍ക്കില്‍ ഉല്ലസിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഇവ ലഭ്യമാക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ് ട്രക്കുകള്‍ തുടങ്ങിയവയും ഉടന്‍ സജ്ജമാകും.

രാവിലെ  അഞ്ച് മണിക്കൂര്‍ ചെലവഴിക്കാന്‍ 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച മുതല്‍ രാത്രി വരെയുള്ള സെഷനുകള്‍ക്ക്  400 രൂപയാണ് നിരക്ക്. വാരാന്ത്യങ്ങളില്‍ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യപ്രവേശനവും പ്രത്യേക ഇളവുകളും നല്‍കും. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.