News

പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കിട്ടി

11 September 2022 , 1:25 PM

 

ആലപ്പുഴ: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കിട്ടി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കിട്ടിയത്. വള്ളം മറിത്ത സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെ വലിയ പെരുമ്പുഴ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല. പള്ളിയോടം മറിഞ്ഞ സ്ഥലത്തുനിന്ന് ദൂരെ മാറിയാണ് ഇന്ന് തെരച്ചില്‍ നടത്തിയത്. അപകടകാരണം ഇനിയും വ്യക്തമാക്കാത്തതിനാല്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാമതൊരാളെ കൂടി കാണാനില്ലെന്ന് നാട്ടുകാര്‍ സംശയം ഉന്നയിച്ചിരുന്നുവെങ്കിലും ഇയാള്‍ രക്ഷപ്പെട്ടതായി പിന്നീട് വിവരം ലഭിച്ചു.