Sports

ചമ്പക്കുളം മൂലം വള്ളംകളി നാളെ: ജലോത്സവ പ്രേമികള്‍ ആലപ്പുഴയിലേയ്ക്ക്

02 July 2023 , 7:34 AM

 

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ആലപ്പുഴ ചമ്പക്കുളം മൂലം വള്ളംകളി നാളെ(ജൂലൈ 3ന്) ചമ്പക്കുളത്ത് പമ്പയാറ്റില്‍ വച്ച് നടക്കും. ജലോത്സവ പ്രേമികള്‍ എത്തി തുടങ്ങി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്പക്കുളത്താണ് വള്ളംകളി.
കേരളത്തിലെ പേരുകേട്ട കളിവള്ളങ്ങള്‍ പ്രശസ്തമായ ബോട്ടു ക്ലബ്ബിലൂടെ ചമ്പക്കുളത്ത് പമ്പയാറ്റില്‍ ജൂലൈ 3 ന് മാറ്റുരക്കുകയാണ്.

ചമ്പക്കുളം മൂലം വള്ളംകളിയില്‍ പങ്കെടുക്കുന്ന യു.ബി.സി കൈനകരിയുടെ നടുഭാഗം ചുണ്ടന്‍

 

 

 

കേരളത്തിലെ പ്രമുഖങ്ങളായ 6 ചുണ്ടന്‍ വള്ളങ്ങള്‍, 3 വെപ്പ് എ-ഗ്രേഡ് വള്ളങ്ങള്‍, 2 എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങള്‍, 2 വനിതകളുടെ തെക്കനോടി വളളങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ വള്ളംകളിയില്‍ പങ്കെടുക്കുന്നു.
ചുണ്ടന്‍, ഇരുട്ടുകുത്തി, വെപ്പ് ചുരുളന്‍, തെക്കനോടി തുടങ്ങിയ കളിവള്ളങ്ങള്‍ പങ്കെടുക്കുന്ന ഈ ജലമേള മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകവും വളരെയേറെ ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും ആയിരക്കണക്കിന് തുഴച്ചില്‍ക്കാരെ അണിനിരത്തുന്നതുമായ കുട്ടനാടിന്റെ ദേശീയ കലോത്സവം കൂടിയാണ്.

ചമ്പക്കുളം മൂലം വള്ളംകളിയില്‍ പങ്കെടുക്കുന്ന യു.ബി.സി കൈനകരിയുടെ നടുഭാഗം ചുണ്ടന്‍ പമ്പയാറ്റില്‍ പരീശീലനം നടത്തുന്നു.


ചങ്ങനാശ്ശേരി താലൂക്കില്‍പ്പെട്ട കുറിച്ചി ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രതിഷ്ഠാ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ചമ്പക്കുളത്ത് എത്തി മാപ്പിളശ്ശേരി തറവാട്ടില്‍ വിശ്രമിച്ച് അവിടെ നിന്നും കളിവള്ളങ്ങളുടെ അകമ്പടിയോടും നാനാജാതി മതസ്ഥരുടെ സഹകരണത്തോടെയും ചമ്പകശ്ശേരി രാജാവ് അമ്പലപ്പുഴയ്ക്ക് കൊണ്ടുപോയതിന്റെ ചരിത്രസ്മരണ നിലനിര്‍ത്തുവാന്‍ വേണ്ടി ഏകദേശം 450 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച അമ്പലപ്പുഴ മൂലക്കാഴ്ചയുടെ തുടര്‍ച്ചയാണ് ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളി കേരളത്തിലെ ജലോത്സവങ്ങളുടെ തുടക്കം കൂടിയാണ്.