News

ആലപ്പുഴയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു: അശോകബേക്കറി അടച്ചുപൂട്ടിച്ചു

18 October 2023 , 4:07 PM

 

ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം  നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍  നടത്തിയ പരിശോധനയില്‍   പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് സമീപമുള്ള  അശോക ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 12 കിലോഗ്രാം കേക്ക്, 20 കിലോഗ്രാം റസ്‌ക്, 35 കിലോഗ്രാം വരുന്ന കപ്പ ചിപ്‌സ്, കുഴലപ്പം, കൊള്ളികപ്പ, ചക്ക വറത്തത്, ഒരു ഡ്രേ മുട്ട പുഴുങ്ങിയത്, 35 കിലോഗ്രാം വെജ്, നോണ്‍ വെജ് മസാല, ബീഫ് വേവിച്ചത്, പഴകിയ മാവ്, നാന്‍കട്ട, നെയ്യ്, പഴകിയ മാവ്, ബ്രഡ്, എന്നിവയും ഉപയോഗ യോഗ്യമല്ലാത്ത പാത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തു നശിപ്പിച്ചു.
വൃത്തിഹീനമായ ടോയ്‌ലറ്റ്, ടൈനിംഗ്ഹാള്‍, മാലിന്യ പരിപാലന സാഹചര്യത്തിന്റെ അപര്യാപ്തത, സ്ഥാപനത്തിലും ഭക്ഷണ പദാര്‍ത്ഥങ്ങളിലും എലി, പാറ്റ, പല്ലി, ചിലന്തിവല എന്നിവയും പരിശോധനയില്‍ ബോധ്യപ്പെട്ട് അശോക ബേക്കറി അടച്ചുപൂട്ടി.

പുന്നമട വടക്കേ മിയാത്തില്‍ അച്ചൂസ്, ജില്ലാകോടതി വാര്‍ഡില്‍ തോപ്പില്‍ ഹൗസില്‍ നൗഷാദ്, കറുകയില്‍ പുത്തന്‍ പുരയ്ക്കല്‍ അനീസ് എന്നിവരുടെ ഉടമസ്ഥതയില്‍ ജില്ലാ കോടതി പാലത്തിനോട് ചേര്‍ന്നുള്ള കനാല്‍ കരയിലെ കിയോസ്‌കുകളില്‍ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സ്‌പോട്ട് ഫൈന്‍ ഈടാക്കുകയും, ബോട്ട്‌ജെട്ടി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം കാല്‍നടക്കാര്‍ക്ക് മാര്‍ഗ്ഗതടസ്സവും, പരിസരം വൃത്തിഹീനവുമാക്കിയ ലജനത്ത് വാര്‍ഡില്‍ കണിയാംപറമ്പില്‍ നിയാസിന്റെ മീന്‍ തട്ടും പിടിച്ചെടുത്തു.

സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി മനോജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ  ഐ അനീസ്, ആര്‍ റിനോഷ്, ജെ ഖദീജ  എന്നിവര്‍  പങ്കെടുത്തു.