News

പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി

03 January 2023 , 3:11 PM

 

മലപ്പുറം: പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ് കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു.

31ന് രാത്രി ഒരു മണിയോടെ പുതുവത്സര രാവില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പെരിന്തല്‍മണ്ണ എസ്.ഐ യാസറും സംഘവും. അരക്കുപറമ്പ് കരിങ്കാളികവിന് സമീപം വച്ചായിരുന്നു സംഭവം.ഡി.ജെ പാര്‍ട്ടി നടത്തുകയായിരുന്ന ഒരു സംഘം ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. പ്രതിയടക്കമുള്ളവര്‍ പിരിഞ്ഞു പോകാതെ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന

എസ്.ഐ ഉദയന്‍, എസ്.സി.പി.ഒ ഉല്ലാസ് എന്നിവര്‍ക്ക് പരിക്കേറ്റു. എസ്.ഐ ഉദയനെ കാലിനേറ്റ പരിക്കുകളോടെ ജില്ലാ ആശുപത്രിയിലും എസ്.സി.പി.ഒ ഉല്ലാസിനെ മുഖത്തിനേറ്റ പരിക്കോടെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശ്രീകൃഷ്ണപുരം കോട്ടപ്പുറത്ത് നിന്നാണ് പ്രതി നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ കോടതിയുടെ ചാര്‍ജ്ജുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്.ഐ എ.എം യാസര്‍, എ.എസ്.ഐ വിശ്വംഭരന്‍, എസ്.സി.പി.ഒ ജയമണി, സി.പി.ഒമാരായ എം.കെ മിഥുന്‍, പി.അബ്ദുള്‍ സത്താര്‍, എ.പി ഷജീര്‍ എന്നിവരടങ്ങുന്ന സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.