News

കെ.എസ്.ആര്‍.ടി.സി.യില്‍ നാളെ മുതല്‍ പണിമുടക്ക്

30 September 2022 , 1:02 PM

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ടിഡിഎഫ്  പണിമുടക്കിന് ആഹ്വാനം ചെയ്തു. പണിമുടക്ക് ഒഴിവാക്കാന്‍ മാനേജ്‌മെന്റുമായി ടിഡിഎഫ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്നാണ് ആഹ്വാനം. അതേസമയം, പണിമുടക്കിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റ്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. സമരക്കാര്‍ക്ക് സെപ്തംബറിലെ ശമ്പളം നല്‍കില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കും. നിയമ ലംഘകര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മാനേജ്‌മെന്റിന്റെ മുന്നറിയിപ്പുണ്ട്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെയാണ് യൂണിയന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂണിയനുകളും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് പണിമുടക്കുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുംവരെ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫിന്റെ തീരുമാനം.