News

താനൂർ ദുരന്തം: മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദയാത്രാ ബോട്ടാക്കി മാറ്റി !

08 May 2023 , 7:46 AM

 

 

 

 മലപ്പുറം : താനൂരിൽ ഇരുപത്തിരണ്ട് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റി ഉണ്ടാക്കിയതെന്ന് സംശയം. 

 

അറ്റ്‍ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

 

 യാർഡിൽ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ് സൂചന. ഇത്തരം ബോട്ടുകൾക്ക് വിനോദസഞ്ചാരത്തിന് ലൈസൻസ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നാണ് അന്വേഷിക്കപ്പെടുന്നത്.

 

 ബോട്ടിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനും സൗകര്യമുണ്ടായിരുന്നു. അനുവദനീയമായതിലും കൂടുതൽ പേരുമായി യാത്രപുറപ്പെട്ട ബോട്ടിലെ യാത്രക്കാർ കൂടുതൽ പേർ വശങ്ങളിലേക്ക് മാറിയതാണോ അപകടത്തിലേക്ക് നയിച്ചതെന്നാണ് സംശയം.

 

ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

 

 മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.