Sports

ടി 20 ലോകകപ്പിൽ കോലിയുടെ വെടിക്കെട്ടിൽ ഇന്ത്യക്ക് ഹാപ്പി ദീപാവലി

23 October 2022 , 5:30 PM

 

 

മെൽബൺ: ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. അവസാന പന്ത്  വരെ ആവേശം അലയടിച്ച മത്സരത്തിൽ നാല് വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ്  ടോപ്പ് സ്കോറർ

ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പാക് പേസർമാർ തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ ടോപ്പ് ഓർഡറിന് മറുപടി ഉണ്ടായില്ല. 6.1 ഓവറിൽ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുൽ (4) നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിൽ പ്ലെയ്ഡ് ഓൺ ആയപ്പോൾ രോഹിത് ശർമ (4) ഹാരിസ് റൗഫ് എറിഞ്ഞ നാലാം ഓവറിൽ ഇഫ്തിക്കാർ അഹ്‌മദിൻ്റെ കൈകളിൽ അവസാനിച്ചു. നന്നായി തുടങ്ങിയ സൂര്യകുമാർ യാദവിനെയും ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്.

10 പന്തുകളിൽ 15 റൺസെടുത്ത സൂര്യ മുഹമ്മദ് റിസ്വാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അഞ്ചാം നമ്പറിലെത്തിയ അക്സർ പട്ടേൽ (2) റണ്ണൗട്ടായി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. സാവധാനം ആരംഭിച്ച വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും മുഹമ്മദ് നവാസ് എറിഞ്ഞ 12ആം ഓവറിൽ 3 സിക്സർ അടക്കം 20 റൺസ് അടിച്ച് ട്രാക്കിലെത്തി. എന്നാൽ, അവസാന ഓവറുകളിൽ തകർത്തെറിഞ്ഞ ഹാരിസ് റൗഫ് അടക്കമുള്ള പാക് പേസർമാർ ഇന്ത്യയെ നിയന്ത്രിച്ചുനിർത്തി. ഇതിനിടെ 43 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. ഷഹീൻ അഫ്രീദി എറിഞ്ഞ 18ആം ഓവറിൽ 3 ബൗണ്ടറികൾ അടക്കം 17 റൺസ് നേടിയ കോലി ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ, ഹാർദികിന് കൂറ്റൻ ഷോട്ടുകൾ കളിക്കാനായില്ല.

ഹാരിസ് റൗഫ് എറിഞ്ഞ 19ആം ഓവറിൽ കോലി നേടിയ രണ്ട് സിക്സറുകൾ സഹിതം 15 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ വിജയലക്ഷ്യം 16 ആക്കി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദ്ദിക് പാണ്ഡ്യയെ (37 പന്തിൽ 40) ബാബർ അസം പിടികൂടി. ഓവറിലെ നാലാം പന്ത് നോ ബോൾ. പന്തിൽ കോലി സിക്സർ നേടി. അടുത്ത പന്ത് വൈഡ്. അടുത്ത പന്തിൽ കോലി ബൗൾഡ് ആയെങ്കിലും മൂന്ന് ബൈ ഓടിയെടുത്തു. വിജയലക്ഷ്യം രണ്ട് പന്തിൽ രണ്ട്. അഞ്ചാം പന്തിൽ ദിനേഷ് കാർത്തികിനെ റിസ്വാൻ സ്റ്റമ്പ് ചെയ്തു.  

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.