News

തൊഴില്‍ തട്ടിപ്പ് ബന്ധം; മൂന്ന് എസ്‌ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍

20 September 2022 , 12:26 PM

 

ആലപ്പുഴ: ദേവസ്വം ബോര്‍ഡിലും ബിവറേജസ് കോര്‍പ്പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കബളിപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മൂന്ന് എസ്‌ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍. മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ മുന്‍പു ജോലി ചെയ്തിരുന്ന വര്‍ഗീസ് മാത്യു, ഗോപാലകൃഷ്ണന്‍, ഹക്കീം എന്നിവരെയാണ് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.  ആരോപണ വിധേയരായ മൂന്ന് പേര്‍ക്കും ജോലിതട്ടിപ്പു കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി. വിനീഷ് രാജുമായി (32) അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എസ്‌ഐമാര്‍ കേസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുക വഴി ചില പ്രതികള്‍ രക്ഷപ്പെടാനും പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെടാനും ഇടയായതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചേര്‍ത്തല ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം, അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ എന്നിവ പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചു. മൃഗസംരക്ഷണ വകുപ്പിലെയും ദേവസ്വം ബോര്‍ഡിലെയും ചില ഉദ്യോഗസ്ഥരുമായും തട്ടിപ്പുസംഘത്തിന് അതിരു കടന്ന അടുപ്പം ഉണ്ടായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടി ഉണ്ടായെങ്കിലും മറ്റ് ആരോപണവിധേയര്‍ക്കെതിരെ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല.