News

കീഴ്‌ത്താടിയെല്ല് ഒടിഞ്ഞുതൂങ്ങിയ ഒട്ടകത്തിന് ശസ്ത്രക്രിയ

12 January 2023 , 7:01 AM

 

 

 

കാസർകോട്:ബേക്കൽ ബീച്ചിൽ സവാരിക്കായി എത്തിച്ച ഒട്ടകത്തിന് കീഴ്‌ത്താടിയെല്ലിൽ ശസ്ത്രക്രിയ. ഏഴ് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 14 വയസ്സുള്ള ആൺ ഒട്ടകത്തിന് ശസ്ത്രക്രിയ നടത്തിയത്.

ബേക്കൽ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് അഞ്ച് ഒട്ടകങ്ങളെ കർണാടക സ്വദേശി മുസ്തഫ സവാരിക്കായി എത്തിച്ചിരുന്നു. ഇതിലെ രണ്ട് ആൺ ഒട്ടകങ്ങൾ പരസ്പരം ഏറ്റുമുട്ടുകയും ഒരെണ്ണത്തിന്റെ കീഴ്‌ത്താടിയെല്ല് ഒടിഞ്ഞുതൂങ്ങുകയും ചെയ്തു. 

 

ഇതിനാണ് കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജനും അസ്ഥിരോഗ വിദഗ്്ധനുമായ ഷെറിൻ ബി.സാരംഗിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. 'ഇന്റർ ഡെന്റൽ വയറിങ്' എന്നാണ് ഇതിനെ സാങ്കേതികമായി പറയുക. 

 

ശസ്ത്രക്രിയയ്ക്കുശേഷം ഒട്ടകത്തിന് ഗ്ലൂക്കോസ് ഉൾപ്പെടെ നൽകിയെന്നും ഒരാഴ്ചത്തേക്ക് ഖരഭക്ഷണമൊന്നും കഴിക്കാൻ സാധിക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അതുവരെ ഗ്ലൂക്കോസ് നൽകിയായിരിക്കും ഒട്ടകത്തിന്റെ ആരോഗ്യം നിലനിർത്തുക. ഒരാഴ്ചകഴിഞ്ഞ്‌ തുടർപരിശോധനയ്ക്ക് ശേഷമാകും ഭക്ഷണം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. 

 

കാഞ്ഞങ്ങാട് മൃഗാസ്പത്രിയിലെ ഡോ. എസ്.ജിഷ്ണു, ഡോ. ജി.നിധീഷ്, കണ്ണൂരിൽ നിന്നെത്തിയ ട്രെയിനി ഡോക്ടർമാരായ വി.സി.ഗോപിക, അമൽ സുധാകരൻ, അനീക ആന്റണി, ആരതി കൃഷ്ണ എന്നിവർ ശസ്ത്രക്രിയയുമായി സഹകരിച്ചു.

 

ഇന്റർ ഡെന്റൽ വയറിങ്

 

ശരീരത്തിൽനിന്ന് വേർപെട്ടുപോയ അസ്ഥിയെ ശരീരത്തോട് ചേർത്തു നിർത്താൻ ചെയ്യുന്ന ശസ്ത്രക്രിയാ രീതിയാണ് ഇന്റർ ഡെന്റൽ വയറിങ്. സാധാരണയായി പൊട്ടിയ അസ്ഥിക്ക് പകരം സ്റ്റീൽ പ്ലേറ്റ് വെച്ച് അതിനെ പൂർവ സ്ഥിതിയിലാക്കുകയാണ് ചെയ്യുക. 

 

എന്നാൽ ഒട്ടകത്തിന്റെ കീഴ് താടിയെല്ല് പൊട്ടിയതിനാലും പ്രത്യേകമായ ശരീര ഘടന പരിഗണിച്ചുമാണ് ഈ രീതിയുപയോഗിച്ചത്. മനുഷ്യനും ചിലപ്പോൾ ഇതേ രീതിയിലുള്ള ചികിത്സ നൽകാറുണ്ട്. കീഴ് താടിയെല്ലിന്റെ പൊട്ടിയ ഭാഗം സ്റ്റീൽ വയറുപയോഗിച്ച് പല്ലുമായി കൂട്ടി യോജിപ്പിച്ച് കെട്ടുകയാണ് ചെയ്യുക. മുറിവുണങ്ങി താടിയെല്ല് പൂർവ സ്ഥിതിയിലാകുമ്പോൾ ഇത് നീക്കും.