News

കടിച്ച് കടിച്ച് ഇതെങ്ങോട്ട്: മജിസ്‌ട്രേറ്റിനും കിട്ടി കടി....

15 September 2022 , 12:37 PM

 

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ അക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവരുന്നു. പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടു പേരെ തെരുവുനായ കടിച്ചു. വെട്ടിപ്രത്തു വച്ചാണ് ഇവര്‍ക്കു നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍.ഇന്നലെ വൈകുന്നേരം വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. കടിയേറ്റ രണ്ടു പേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.ജ്വല്ലറി ജീവനക്കാരനായ പ്രകാശനെ ജ്വല്ലറിയിലേക്ക് കടന്നുചെന്നാണ് നായ ആക്രമിച്ചത്. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ജഡ്ജിയെ ആക്രമിച്ചപ്പോഴെങ്കിലും നടപടി ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

കൊല്ലത്ത് മാത്രം ഇന്നലെ 51 പേര്‍ക്ക് കടിയേറ്റു

കൊല്ലം:  കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടി. അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചുസംസ്ഥാനത്തെ തെരുവുനായ ആക്രമണം ഇന്നും രൂക്ഷമായി തുടരുകയാണ്. ഇടുക്കിയില്‍ 15 പേര്‍ക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയില്‍ ഇന്നലെ നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയില്‍ നിര്‍മല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രാവിലെ കടയില്‍ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ സാഹചര്യത്തില്‍ തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് കക്ഷി ചേരാന്‍ തീരുമാനിച്ചു. ഇതിന് സര്‍ക്കാര്‍ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. ഇടുക്കിയിലും എറണാകുളത്തുമായി വളര്‍ത്തു ആടുകളേയും കോഴികളേയും നായകള്‍ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെ നായകള്‍ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയില്‍ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത് 45 കരിങ്കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു. കണ്ണൂര്‍ കൂത്തുപറമ്പില്‍ പശുവിന് പേ വിഷബാധയേറ്റു. 

 

പൗരന്മാരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സര്‍ക്കാറിനുണ്ട്; ഹൈക്കോടതി

കൊച്ചി: തെരുവു നായ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സര്‍ക്കാറിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണം. തെരുവു നായ്ക്കളെ അടിച്ചു കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

 

 

സംസ്ഥാനത്തെ 170 പ്രദേശങ്ങള്‍ തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

 

തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങള്‍ തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെ ചികിത്സ തേടിയവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. ചികിത്സയ്‌ക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതില്‍ കൂടുതലോ സംഭവം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയത്. 28 പ്രദേശങ്ങള്‍ പട്ടികയിലുണ്ട്. ജില്ലയിലെ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. 26 ഹോട്ട്‌സ്‌പോട്ടുകളോടെ പാലക്കാടാണ് പട്ടികയില്‍ രണ്ടാമത്. ഇവിടെ. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ മാത്രം 641 കേസുണ്ട്. അടൂര്‍, അരൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ 300ല്‍ അധികമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഒരു ഹോട്ട്‌സ്‌പോട്ടുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്.പരമാവധി തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അഞ്ചു ലക്ഷം വാക്‌സിനുകള്‍ നല്‍കാനായി എത്തിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ ഇല്ലാത്ത ആശുപത്രികളില്‍ തൊട്ടടുത്ത പഞ്ചായത്തില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കൂടുതല്‍ ഡോക്ടര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.