News

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയാകുന്നു

26 August 2022 , 11:39 AM

 

കരിപ്പൂര്‍: വിമാനം റണ്‍വേയില്‍ അപകടത്തില്‍പെട്ടതിനെതുടര്‍ന്ന് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  നടപടിയാകുന്നു. റണ്‍വേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സര്‍വേ വിജ്ഞാപനം ഇറങ്ങി. പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. റണ്‍വേ ബലപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും. ജംബോ വിമാനങ്ങള്‍ ഇറങ്ങാതെ വന്നതോടെയാണ് കരിപ്പൂരിന്റെ കഷ്ടകാലം തുടങ്ങിയത്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഹജ്ജ് സര്‍വീസുകളെ പോലും ബാധിച്ചു. വിമാനാപകടം ഉണ്ടായ ശേഷം, ടേബില്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിന്‍െ്‌റ സുരക്ഷ കാര്യങ്ങളില്‍ വ്യോമയാന മന്ത്രാലയവും പിടിമുറുക്കിയിരുന്നു. ഇതിനൊരു പരിഹാരമായാണ് ഏറെ നാളെത്തെ ആവശ്യമായ റണ്‍വേ സേഫ്റ്റി ഏരിയ വികസിപ്പക്കുന്നത്. റണ്‍വേയുടെ ഇരുവശങ്ങളിലായി പതിനാലര ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ തുടങ്ങിയത്. പത്ത് വര്‍ഷത്തിന് ശേഷം റണ്‍വേ ബലപ്പെടുത്തല്‍ ജോലികളും തുടങ്ങാന്‍ തീരുമാനമായി. നവംബര്‍ മാസത്തില്‍ ജോലികള്‍ തുടങ്ങും. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കാതെ പകല്‍ സമയത്താകും അറ്റകുറ്റപ്പണികള്‍ നടത്തുക.

കരിപ്പുരിലുണ്ടായ വിമാനപകടം(ഫയല്‍ച്ചിത്രം)