Sports

സംസ്ഥാന ടെക്നിക്കൽ സ്‌കൂൾ കായികമേള ഇന്നു മുതൽ

12 January 2023 , 8:05 AM

 

 

മലപ്പുറം: സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് മേള. വൈകുന്നേരം 3.30-ന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പി. അബ്ദുൾ ഹമീദ് എംഎൽഎ അദ്ധ്യക്ഷനാകും.

39 ടെക്‌നിക്കൽ സ്‌കൂളുകൾ, ആറ് ഐ.എച്ച്.ആർ.ഡി. സ്‌കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 1100 താരങ്ങൾ പങ്കെടുക്കും. കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ ആൺകുട്ടികൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലും പെൺകുട്ടികൾക്ക് ജൂനിയർ, സീനിയർ വിഭാഗത്തിലുമാണ് മത്സരം. ഉച്ചയ്ക്ക് രണ്ടു മുതലാണ് രജിസ്‌ട്രേഷൻ.