News

സംസ്ഥാന സർക്കാരിന്റെ സെസ്; നാളെ മുതൽ‌ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും, മദ്യത്തിന് 40 രൂപ വരെ വർധന

31 March 2023 , 7:56 AM

 

 

 തിരുവനന്തപുരം : ഇന്ധന സെസായി രണ്ട് രൂപ നൽകേണ്ടി വരുന്നതോടെ സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും.

 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. 

അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതി നൽകണം. രണ്ടുലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടു ശതമാനമായി ഉയര്‍ത്തി. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും നിരക്ക് കൂട്ടി. അഞ്ചുലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് ഒരുശതമാനമാണ് നികുതി വര്‍ധന. 

ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവിൽ വരുന്നത്. 

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ധന നിലവിൽ വരും. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേര്‍ന്നാൽ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണ്ടിവരും. കൂടിയ നിരക്ക് നിലവിൽ വരുന്നതിന് മുൻപ് പരമാവധി പേര്‍ രജിസ്ട്രേഷൻ നടത്താനെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 

 

ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വര്‍ധനയും ബജറ്റിൽ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാര്‍​ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ്  സൂചന.