News

ഇന്ന് ശ്രീകൃഷ്ണ ജയന്തി, പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശോഭായാത്ര, ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്ന്

TVM reporter

18 August 2022 , 11:38 AM

 

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടെങ്ങും ഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാല്‍ ആഘോഷങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്

ഇന്ന് ഗുരുവായൂരില്‍ പ്രത്യേക പൂജയും വഴിപാടുകളും ഉണ്ടായിരിക്കും. തിരക്ക് കുറയ്ക്കുന്നതിന് ദര്‍ശന ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉള്‍പ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തില്‍ അനുവദിക്കില്ല. കുഞ്ഞുങ്ങള്‍ക്ക് ചോറൂണ്‍ വഴിപാട് നടത്താം. എന്നാല്‍ ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാകില്ല. മുപ്പതിനായിരം പേര്‍ക്ക് ക്ഷേത്രത്തില്‍ പിറന്നാള്‍ സദ്യയും നല്‍കും. അതേസമയം ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലം ബാലകൃഷ്ണന്‍ എന്ന മോഴ ആന ഇന്ന് ശിരസിലേറ്റും

 

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ്. രാവിലെ 11.30 ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ കൊടിമരച്ചുവട്ടില്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. 401 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ അഷ്ടമി രോഹിണി വള്ളസദ്യയില്‍ പങ്കെടുക്കും. വള്ളസദ്യക്കായി ചേനപ്പാടി കരയില്‍ നിന്ന് ഇന്നലെ 13000 ലിറ്റര്‍ പാളതൈര് എത്തിച്ചിരുന്നു

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാല്‍ ആഘോഷങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്.