News

സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു; പ്ലസ് വൺ വിദ്യാർഥിക്ക് കേൾവിശക്തി നഷ്ടപ്പെട്ടു

13 October 2022 , 5:23 PM

 

കണ്ണൂർ: സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനത്താൽ പ്ലസ് വൺ വിദ്യാർഥിയുടെ കേൾവി ശക്തി നഷ്ടമായി. കണ്ണൂർ ശ്രീകണ്ഠാപുരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കുളിൽ റാഗിങ്ങിന്‍റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമായി മർദ്ദനമേറ്റത്.പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മ് സഹലിനെയാണ് സീനിയർ വിദ്യാർത്ഥികൾ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതച്ചത്. അടിയേറ്റ് സഹലിന്‍റെ കേൾവിശക്തി നഷ്ടപ്പെട്ടു. ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ടു മർദ്ദിച്ചത്. സഹലിന്‍റെ മാതാപിതാക്കൾ മകനെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതിനെ തുടർന്ന് ശ്രീകണ്ഠാപുരം പോലീസിൽ പരാതി നൽകി. സഹൽ മുടി നീട്ടിയതും ഷർട്ടിന്‍റെ ബട്ടൺ അഴിച്ചിടാത്തതിനെ ചൊല്ലിയുള്ള റാഗിങ്ങിനെ തുട‍ര്‍ന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സ്കൂൾ മൈതാനത്തിലേക്ക് കൊണ്ടുപോയി സഹലിനെ മർദ്ദിക്കുന്നതിന്‍റ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയത്.