Entertainment

തെലുങ്ക് സിനിമാ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍

18 August 2022 , 11:33 PM

 

തിരുവനന്തപുരം: സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ അന്‍പത് കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി അന്‍പത് കോടി നേടുന്നത് ഇത് ആദ്യമാണ്. 

കൂടാതെ സീതാരാമത്തിലൂടെ അമേരിക്കയിലും ദുല്‍ഖര്‍ സല്‍മാന്‍ വന്‍ മാറ്റമാണ് കൊണ്ടുവന്നത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യു.എസ്.എ ബോക്‌സ്ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. നേരത്തേ ദുല്‍ഖറിന്റെ തന്നെ ഒ.കെ കണ്‍മണി എന്ന ചിത്രം വണ്‍ മില്യണ്‍ ഡോളര്‍ കളക്ട് ചെയ്തിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി എത്തിയ മഹാനടി 2 മില്യണ്‍ ഡോളറാണ് കളക്ട് ചെയ്തത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം ലോക മെബാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.