News

എക്സൈസിനെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങിയ കഞ്ചാവ് മെഡിക്കൽ കോളേജിൽ എത്തിച്ചു പുറത്തെടുത്തു

24 November 2022 , 12:18 PM

 

 

 

കോട്ടയം: എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫ് (35) ആണ് പിടിയിലായത്. കോട്ടയത്ത് സംക്രാന്തി പേരൂർ റോഡിൽ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ എക്സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ മാമ്മൂട് കവലയിൽ വെച്ച് ഇയാളെ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തു. എന്നാൽ ദേഹപരിശോധന ഭയന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

 

എക്സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ഇത് പുറത്തെടുക്കാൻ എക്സൈ്സ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകൾ കാണിച്ചതോടെ യുവാവിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു. ആശുപത്രിയിൽ അഡ്മിറ്റാക്കിയ പ്രതിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

 

ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്തതായി എക്സൈസ് സംഘം പറഞ്ഞു. മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള കേസുകൾ നേരത്തേ ഇയാളുടെ പേരിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലുണ്ട്. ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ സജിത്ത് ടി, ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ രജിത്ത് കെ, പ്രിവൻ്റീവ് ഓഫീസർ രാജേഷ് വി ആർ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ നാരായണൻ, പ്രമോദ്, വിനോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.