News

കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു

25 August 2022 , 10:28 AM

 

കൊല്ലം: കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു.  മൂന്ന് പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ  (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു. കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി.  നിസാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു. പിന്നാലെ കസ്റ്റഡിയിലെടുത്തു.