Sports

സച്ചിൻ നയിച്ചു; ഇന്ത്യ ലെജൻഡ്‌സിന് റോഡ് സേഫ്റ്റി വേൾഡ് സീരിസ് കിരീടം

02 October 2022 , 12:41 PM

 

 

റായ്പുർ: 2022 റോഡ് സേഫ്റ്റി വേൾഡ് സീരിസ് ക്രിക്കറ്റ് കിരീടമണിഞ്ഞ് ഇന്ത്യ ലെജൻഡ്സ്. സച്ചിൻ തെണ്ടുൽക്കർ നയിച്ച ഇന്ത്യ ലെജൻഡ്സ് ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെ തകർത്തു. അപരാജിത സെഞ്ചുറി നേടിയ നമൻ ഓജയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. തുടർച്ചയായ രണ്ടാം സീസണിലും കിരീടം നേടിക്കൊണ്ട് സച്ചിനും കൂട്ടരും ചരിത്രം കുറിച്ചു.

33 റൺസിനാണ് ഇന്ത്യ ലെജൻഡ്സിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.5 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. സ്കോർ: ഇന്ത്യ 20 ഓവറിൽ ആറിന് 195. ശ്രീലങ്ക 18.5 ഓവറിൽ 162 ന് ഓൾ ഔട്ട്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലെജൻഡ്സ്നുവേണ്ടി നമൻ ഓജ ഒറ്റയ്ക്ക് പോരാടുകയായിരുന്നു.വെറും 71 പന്തുകളിൽ 15 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ പുറത്താവാതെ 108 റൺസാണ് ഓജ അടിച്ചെടുത്തത്. നേരിട്ട ആദ്യ പന്തിൽ തന്നെ സച്ചിൻ പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തിയെങ്കിലും ഓജയുടെ ബാറ്റിങ് മികവ് അതിനെയെല്ലാം മറികടന്നു. 21 പന്തുകളിൽ നിന്ന് 36 റൺസെടുത്ത വിനയ് കുമാറിന്റെ അപ്രതീക്ഷിത വെടിക്കെട്ട് ബാറ്റിങ്ങും ഇന്ത്യ ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചു. 19 റൺസെടുത്ത യുവരാജ് സിങ്ങും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സുരേഷ് റെയ്ന (4), ഇർഫാൻ പഠാൻ (11), യുസഫ് പഠാൻ (0) എന്നിവർ നിരാശപ്പെടുത്തി. രണ്ട് പന്തിൽ നിന്ന് എട്ട് റൺസുമായി സ്റ്റ്യുവർട്ട് ബിന്നി പുറത്താവാതെ നിന്നു. ശ്രീലങ്ക ലെജൻഡ്സിനായി നുവാൻ കുലശേഖര മൂന്ന് വിക്കറ്റെടുത്തപ്പോൾ ഇസുരു ഉദാന രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാൻ ജയരത്നെ ഒരു വിക്കറ്റ് സ്വന്തമാക്കി.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കം തന്നെ പാളി. വെറും 41 റൺസെടുത്തുന്നതിനിടെ സനത് ജയസൂര്യ, ദിൽഷൻ മുനവീര, തിലകരത്നെ ദിൽഷൻ, ഉപുൽ തരംഗ എന്നീ പ്രധാന ബാറ്റർമാർ കൂടാരം കയറി. ഇതോടെ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുമെന്ന് തോന്നിച്ചു. എന്നാൽ അവസരത്തിനൊത്തുയർന്ന ഇഷാൻ ജയരത്നെ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ചു. 20 റൺസെടുത്ത ജീവൻ മെൻഡിസും 26 റൺസ് നേടിയ മഹേല ഉദവത്തെയും താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചതോടെ ഇന്ത്യൻക്യാമ്പിൽ ആശങ്കയുയർന്നു.

വെറും 22 പന്തുകളിൽ നിന്ന് നാല് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റൺസാണ് ഇഷാൻ നേടിയത്. എന്നാൽ അവസാന ഓവറുകളിൽ അവസരത്തിനൊത്തുയർന്ന ഇന്ത്യ വിജയം നേടി. 18-ാം ഓവറിൽ അഭിമന്യു മിഥുനും 19-ാം ഓവറിൽ വിനയ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ശ്രീലങ്ക 162 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ലെജൻഡ്സിനുവേണ്ടി വിനയ് കുമാർ മൂന്ന് വിക്കറ്റെടുത്തപ്പോൾ മിഥുൻ രണ്ട് വിക്കറ്റ് നേടി. രാജേഷ് പവാർ, സ്റ്റ്യുവർട്ട് ബിന്നി, രാഹുൽ ശർമ, യൂസഫ് പഠാൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.