News

സംസ്ഥാനത്ത് റോഡുകളുടെ പരിശോധന ഇന്നു മുതല്‍

20 September 2022 , 12:05 PM

 

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ്  പ്രവൃത്തികളുടെ പരിശോധന ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യം പരിശോധന നടക്കുക.പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍  നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. ഓരോ പ്രവൃത്തിയുടെയും മെഷര്‍മെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരം ജില്ലയില്‍ 1525   കിലോമീറ്റര്‍ റോഡാണ് റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരം പ്രവൃത്തി നടക്കുന്നത്. 4420   ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ജില്ലയില്‍ നടക്കുന്നത്. ഇടുക്കിയില്‍ 2330  കിലോമീറ്ററില്‍ 7357.72  ലക്ഷം രൂപയുടെയും എറണാകുളം ജില്ലയില്‍ 2649 കിലോമീറ്ററില്‍ 6824.65   ലക്ഷം രൂപയുടെ പ്രവൃത്തിയുമാണ് നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും പരിശോധന നടക്കും. കേരളത്തിലെ 14  ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.