News

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവെന്ന് റിപ്പോര്‍ട്ട്

26 December 2022 , 9:01 AM

 

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നേതാക്കളെ സന്നദ്ധത അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. പാര്‍ട്ടി പദവികള്‍ ഒഴിയാനും സന്നദ്ധനാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും.