News

പൊട്ടി അഴുകിയ കാല്‍ ബന്ധുക്കള്‍ വൃത്തിയാക്കണം: നിര്‍ദേശിച്ച് ആശുപത്രി ജീവനക്കാര്‍

30 October 2022 , 12:57 PM

 

ആലപ്പുഴ: നീരു വന്നു പൊട്ടി അഴുകിയ വൃദ്ധയുടെ കാല്‍ വൃത്തിയാക്കാന്‍ ബന്ധുക്കളോട് നിര്‍ദേശിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍. ചികിത്സ ലഭിക്കാതെ വൃദ്ധ ദുരിതത്തില്‍. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് പനക്കല്‍ രാജമ്മ (70) യാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം നരകയാതന അനുഭവിക്കുന്നത്. വലതു കാലില്‍ നീരു വന്ന് വ്രണമായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ഒമ്പതാം വാര്‍ഡില്‍ രണ്ടാഴ്ച മുന്‍പ് പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ ഡോക്ടറും മറ്റ് ജീവനക്കാരും ചികിത്സ ലഭ്യമാക്കാനായി എത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസമായി ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സര്‍ജറി ഡോക്ടറും തിരിഞ്ഞു നോക്കാറില്ലെന്ന് ഇവര്‍ പറയുന്നു. പൊട്ടിയ ഭാഗം ബന്ധുക്കള്‍ തന്നെ വൃത്തിയാക്കാനാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ഇതോടെ രണ്ട് ദിവസമായി ബന്ധുക്കളാണ് കാല്‍ വൃത്തിയാക്കുന്നത്.