News

യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്തു, അച്ഛനെ പോക്സോ കേസിൽ കുടുക്കി മകൾ; പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

21 January 2023 , 2:05 PM

 

 

തൃശൂർ: അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയന്ന  പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

പൊതുപ്രവർത്തകൻ കൂടിയായ ഇയാളും ഭാര്യയുമായി വർഷങ്ങളായി പിണങ്ങി കഴിയുകയാണ്. 14 വയസുള്ള മകൾ അഞ്ച് വയസു മുതൽ ഇദ്ദേഹത്തിക്കൊപ്പമാണ് കഴിയുന്നത്.

ഒരു ദിവസം രാത്രി മകളെ മറ്റൊരാളുടെ കൂടെ ദുരൂഹസാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം.

 വഴക്ക് പറഞ്ഞതിൽ ദേഷ്യപ്പെട്ട് മകൾ അടുത്ത ദിവസം അമ്മ താമസിക്കുന്ന തൃശൂരിലെ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലേക്ക് പോയി.

മകളെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതായപ്പോൾ വാടാനപ്പള്ളി പൊലീസിൽ പരാതി കൊടുക്കാൻ എത്തിയപ്പോഴാണ് മകൾ തനിക്കെതിരെ പരാതി നൽകിയ വിവരം ഇദ്ദേഹം അറിയുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്. 

പരാതി അടിസ്ഥാന രഹിതമാണെന്നും തന്റെ ഭാര്യയുടെ പ്രേരണയിൽ മകൾ പരാതിപ്പെട്ടാണെന്നും സംഭവത്തിൽ പൊലീസിന് പങ്കുണ്ടെന്നും ഇദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. 

നേരത്തെ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ച കേസിൽ പൊലീസിനെതിരേ സാക്ഷി പറഞ്ഞയാളാണ് ഇപ്പോൾ പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾ.

കുട്ടിയുടെ പരാതി കിട്ടിയ ഉടൻ പൊലീസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ മർദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.