News

മഴ അതിശക്തമാകും: 4 ജില്ലയില്‍ ഓറഞ്ച് അലർട്ട്

24 August 2022 , 4:41 PM

 

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ  വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വിഭാഗം. ദിവസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

      ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതിനൊപ്പം എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുമ്പോള്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടോ യെല്ലോ അലര്‍ട്ടോ ഇല്ലാത്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതുവരെയും മഴ കനക്കുമെന്ന മുന്നറിയിപ്പില്ലാത്തത്. അതേസമയം 27 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.