Sports

ഖത്തര്‍ ലോകകപ്പ് കിക്കോഫ് നാളെ; ഇന്ത്യന്‍ സമയം; മത്സരങ്ങള്‍ കാണാനുള്ള വഴികള്‍

19 November 2022 , 8:11 AM

 

 

കൊച്ചി:ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ആകാന്‍ ഇനി രണ്ട് നാള്‍ കൂടി. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ വിരുന്നെത്തുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30 മുതലാണ് തുടങ്ങുക. 3.30, 6.30, 9.30, 12.30 എന്നീ സമയങ്ങളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. നാല് മത്സരങ്ങളുള്ള ദിവസങ്ങളിലെ നാലാം മത്സരമാണ് രാത്രി 12.30ന് തുടങ്ങുക.

പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടിവരില്ല. എന്നാല്‍ 3.30ന് തുടങ്ങുന്ന മത്സരങ്ങള്‍ ജോലി സമയമായതിനാല്‍ പലര്‍ക്കും നഷ്ടമാകുകയും ചെയ്യും. ലോകകപ്പ് സംപ്രേഷണത്തിലും ഉണ്ട് ഇത്തവണ ഒട്ടേറെ പുതുമകള്‍. മത്സരത്തിന്‍റെ സംപ്രേഷണാവകാശം 195 രാജ്യങ്ങളിലും റെക്കോര്‍ഡ് തുകക്കാണ് ഫിഫ വിറ്റത്.

ലോകകപ്പ് ഇന്ത്യയില്‍ കാണാന്‍

ഇന്ത്യയില്‍ സോണി സോപ്ര്‍ട്സ് പോലുള്ള പതിവ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ചാനലിലാണ് ആരാധകര്‍ ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ കാണേണ്ടത്. വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലാണ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ടെലിവിഷനില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ജിയോ യിലൂടെ മത്സരങ്ങള്‍ സൗജന്യമായി കാണാനാകും.