Sports

ഷൂട്ടൗട്ടിൽ നെതർലൻ്റിനെ തകർത്ത് അർജൻ്റീന ലോകകപ്പ് സെമി ഫൈനലിൽ

10 December 2022 , 3:26 AM

 

ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3 ) നെതർലൻ്റിനെ തകർത്ത് അർജൻ്റീന ഖത്തര്‍ ലോകകപ്പിൻ്റെ സെമി ഫൈനലിൽ.  ഷൂട്ടൗട്ടിൽ നെതർലൻ്റിൻ്റെ രണ്ട് കിക്കുകൾ തടുത്തിട്ട ഗോളി എമിലിയാനോ മാർട്ടിനസ് ആണ് അർജൻറീനയുടെ രക്ഷകനായത്. 

എക്സ്ട്രാ ടൈമിലും വിജയിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ  നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി തുല്യത പാലിച്ചു. അര്‍ജന്‍റീനയെ ആദ്യം മുന്നിലെത്തിച്ച് നഹ്വല്‍ മൊളീനയായിരുന്നു. ആദ്യപകുതി യുടെ 35-ാം മിനുറ്റിലായിരുന്നു ലിയോണല്‍ മെസിയുടെ സുന്ദരന്‍ അസിസ്റ്റില്‍ മൊളീനയുടെ ഗോള്‍. അര്‍ജന്‍റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്. മറുവശത്ത് നെതര്‍ലന്‍ഡ്‌സിന് അവസരങ്ങള്‍ മുതലാക്കാനായില്ല. 

രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മെസിയും ഗോൾ നേടി. കളി അവസാനഘട്ടത്തിലേക്ക് കടന്നതോടെ നെതർലൻ്റ് ഒരു ഗോൾ തിരിച്ചടിച്ചു. ഇൻജുറി ടൈമിൻ്റെ അവസാന വേളയിലായിരുന്നു അവരുടെ സമനില ഗോൾ.

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ര്‍ലന്‍ഡ്‌സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. 22-ാം മിനുറ്റില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ 25 യാര്‍ഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനുറ്റില്‍ ഡീ പോളിന്‍റെ ദുര്‍ബലമായ ഷോട്ട് ഗോളി പിടികൂടി. എന്നാല്‍ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനല്‍കിയ പന്തില്‍ മൊളീന ഫിനിഷ് ചെയ്തത്. ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തു. എട്ട് പേർ മഞ്ഞക്കാർഡ് കണ്ടു. ഇടയ്ക്ക് കയ്യാങ്കളിയും ഉണ്ടായി.